ഏപ്രില്‍ ഒന്നിന് കേരള ബാങ്ക് നിലവില്‍ വരുമോ?; റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍

0
7
ac moitheen

തിരുവനന്തപുരം: സഹകരണ മന്ത്രി എസി മൊയ്തീന്റെ നേതൃത്വത്തിലുളള സംഘം റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറെ കണ്ട് കേരള ബാങ്ക് രൂപീകരണത്തെ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍ തുടങ്ങിയവരും അടങ്ങുന്നതാണ് സംഘം.

മലപ്പുറം ഒഴികെ 13 ജില്ലാ ബാങ്കുകളിലും കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട ലയന പ്രമേയത്തിന് കേവല ഭൂരിപക്ഷം ലഭിച്ചതോടെ ആര്‍ബിഐ ബാങ്ക് രൂപീകരണത്തിന് അന്തിമ അനുമതി നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. റിസര്‍വ് ബാങ്കുമായി കൂടിക്കാഴ്ച്ച നടത്തും മുന്‍പ് നബാര്‍ഡുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും. നബാര്‍ഡിന്റെ ശുപാര്‍ശ പ്രകാരമാണ് റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്‍കുക.

നേരത്തെ ഏപ്രില്‍ ഒന്നിന് കേരള ബാങ്ക് നിലവില്‍ വരുമെന്നാണ് കേരള സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി നീണ്ടുപോയാല്‍ ബാങ്ക് രൂപീകരണം നീണ്ടുപോകാന്‍ സാധ്യതയുണ്ട്. ജില്ലാ സഹകരണ ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിബന്ധന.

സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ കേരള സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. ഇതോടെ കേരള സഹകരണ നിയമ പ്രകാരം കേരള ബാങ്ക് രൂപീകരണത്തിന് ലയന പ്രമേയം കേവല ഭൂരിപക്ഷത്തില്‍ പാസായാല്‍ മതി. എന്നാല്‍, ഈ നടപടിയില്‍ റിസര്‍വ് ബാങ്കിന്റെ നിലപാട് നിര്‍ണായകമാകും. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്.

ബാങ്ക് രൂപീകരണം പൂര്‍ത്തിയായാല്‍ എസ്ബിഐയ്ക്ക് ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായി കേരള ബാങ്ക് മാറും. പുതിയ ബാങ്കിന് 840 ശാഖകളും 6700 ജീവനക്കാരും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here