കാസര്‍കോട്ടിനി പൊരിഞ്ഞ പോരാട്ടം; കൊലപാതക രാഷ്ട്രീയം തന്നെ പ്രധാന പ്രചാരണവിഷയം

0
6

സ്വന്തം ലേഖകന്‍
കാസര്‍ക്കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീറും വാശിയുമേറി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഒരാഴ്ച്ച കഴിഞ്ഞിട്ടും യു ഡി എഫും, ബി ജെപിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നത് എല്‍ഡി എഫ് ശരിക്കും മുതലെടുക്കുകയായിരുന്നു.
പ്രചാരണരംഗത്ത് എല്‍ ഡി എഫ് ബഹുദൂരം മുന്നിലാണ്. ലോകസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. ഇനി ഒരു മാസത്തിലധികം പൊരിഞ്ഞ പോരാട്ടമാണ് ഇരുമുന്നണികളും നടത്തുക. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നേരത്തെ തന്നെ യുഡിഎഫും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച സ്ഥാനാര്‍ത്ഥിക്കുപകരം കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് പ്രവര്‍ത്തകര്‍ക്കിടയില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്. എങ്കിലും തങ്ങള്‍ക്കു ലഭിച്ചത് കോണ്‍ഗ്രസിലെ മികച്ച നേതാക്കളിലൊരാളെയാണെന്ന സമാധാനത്തിലാണവര്‍. സ്ഥാനാര്‍ത്ഥി ആരായിരുന്നാലും സി പി എമ്മിന്റെ കൊലപാതക രാഷ്ട്രിയത്തിനെതിരായ വോട്ടുകളാണ് ജില്ലയില്‍ യു ഡി എഫിന് വീഴുകയെന്നതുറപ്പാണ്. അതിനാല്‍ ശക്തമായ പ്രചരണം കാഴ്ച്ചവെക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ 40,000 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന എല്‍ ഡി എഫിനെ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് കുറച്ചുകൊണ്ടുവരാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് കഴിഞ്ഞിരുന്നു. ഇത് യു ഡി എഫിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇതിന് മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താനെ പരിഗണിച്ചിരുന്നുവെങ്കിലും സതീഷന്‍ പാച്ചേനിക്കാണ് ഒടുവില്‍ നറുക്ക് വീണത്. ചെറിയ ഭൂരിപക്ഷത്തിലാണ് അന്ന് പാലക്കാട്ട് സതീഷന്‍ പാച്ചേനി പരാജയപ്പെട്ടത്. താന്‍ അവിടെ സ്ഥാനാര്‍ത്ഥി ആയിരുന്നുവെങ്കില്‍ പാലക്കാട്ടെ എം പി താനാകുമായിരുന്നുവെന്ന് ഉണ്ണിത്താന്‍ മുമ്പ് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here