പ്രളയം തകര്‍ത്ത സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് വൈദിക വിദ്യാര്‍ഥികള്‍

0
8
സംരക്ഷണഭിത്തി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദിക വിദ്യാര്‍ത്ഥികള്‍

നെടുങ്കണ്ടം: പ്രളയം തകര്‍ത്ത സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് വൈദിക വിദ്യാര്‍ഥികള്‍. മഞ്ഞപ്പെട്ടി സ്വദേശി സോജനും കുടുംബവും ഇനി സ്വഭവനത്തില്‍ അന്തിയുറങ്ങും. കഴിഞ്ഞ ആറു മാസത്തിലധികമായി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ പുത്തന്‍പുരയ്ക്കല്‍ സോജനും കുടുംബത്തിനും സാധിച്ചിട്ടില്ല. മഞ്ഞപെട്ടി റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇവരുടെ വീടിന്റെ മുന്‍വശം കഴിഞ്ഞ പ്രളയകാലത്ത് ഇടിഞ്ഞുപോയിരുന്നു.
വീടിന്റെ മുറ്റവും വരാന്തയും ഉള്‍പ്പെടെ 25 അടിയിലേറെ താഴ്ചയിലേക്ക് മണ്ണിടിയുകയായിരുന്നു. മുന്‍വശം അഗാധമായ ഗര്‍ത്തമായതോടെ ഏത് നിമിഷവും വീട് ഇടിയുമെന്ന അവസ്ഥയിലായി. വീടിന്റെ മുന്‍വാതില്‍ തുറന്ന് പുറത്തേക്ക് പോലും ഇറങ്ങാനാവാത്ത അവസ്ഥ. പ്രളയ കാലത്ത് ഉണ്ടായ ദുരന്തത്തെ തുടര്‍ന്ന് സോജനും ഭാര്യ ജെയ്‌സമ്മയും മകള്‍ അനീറ്റയും അടങ്ങുന്ന കുടുംബം അയല്‍വാസികളുടെ വീടുകളിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. റോഡിന്റെ താഴ് ഭാഗത്ത് നിന്ന് വലിയ സംരക്ഷണ ഭിത്തി നിര്‍മിച്ചെങ്കില്‍ മാത്രമേ വീടിന് സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ സാധിക്കൂ.
സര്‍ക്കാരില്‍ നിന്നും നാമമാത്രമായ സഹായം മാത്രമാണ് ല’ിച്ചത്. ഇതോടെ മഞ്ഞപെട്ടി നിവാസികളും സെന്റ് മേരീസ് ഇടവകയും കുടുംബത്തിന് സഹായവുമായി എത്തുകയായിരുന്നു.
ഇടവക വികാരി ഫാ. ജോസഫ് പൗവത്തില്‍ നിന്നും വിവരം അറിഞ്ഞ സിഎംഐ സഭയിലെ വൈദിക വിദ്യാര്‍ഥികള്‍ സഹായവുമായി എത്തി. സഭയുടെ മിഷന്‍ ഇയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെമിനാരി റെക്ടര്‍ ഫാ. ബിജു കൂട്ടപ്ലാക്കലിന്റെ നേതൃത്വത്തില്‍ 20 വൈദിക വിദ്യാര്‍ഥികളാണ് മഞ്ഞപ്പെട്ടിയില്‍ എത്തിയിരിക്കുന്നത്.
കൊച്ചി, മൂവാറ്റുപുഴ, ഹൈദരാബാദ്, ശാന്താ പ്രൊവിന്‍സുകളില്‍ നിന്നുള്ളവരാണ് ഇവര്‍. വീടിന് മുന്‍വശത്ത് ഇടിഞ്ഞു പോയ ഭാഗത്ത് സംരക്ഷണ ഭിത്തി ഒരുക്കുകയാണ് നിലവില്‍ ചെയ്യുന്നത്. നാട്ടുകാരുടെ സഹായത്തോടെ ഓരോ ദിവസവും 50 പേരുടെ തൊഴില്‍ സഹായമാണ് നല്‍കുന്നത്.
ആവശ്യമായ ഭക്ഷണം ഒരുക്കുന്നതിനായി പ്രദേശത്തെ വീട്ടമ്മമാരും സന്യാസിനികളും എത്തുന്നു. 12 ദിവസങ്ങള്‍കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുകയാണ് ലക്ഷ്യം. സംരക്ഷണ ഭിത്തി ഒരുക്കുന്നതോടെ വീട് സുരക്ഷിതമാവുകയും കുടുംബത്തിന് സ്വഭവനത്തില്‍ അന്തിയുറങ്ങാനും സാധിക്കകയും ചെയ്യും.

 

LEAVE A REPLY

Please enter your comment!
Please enter your name here