കട്ടപ്പനയില്‍ നടപ്പാതകള്‍ കയ്യേറി വാഹനങ്ങള്‍; കാല്‍നട യാത്രക്കാര്‍ പെരുവഴിയില്‍

0
3

കട്ടപ്പന: നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടപ്പാതകള്‍ വീതികൂട്ടി നിര്‍മിച്ചെങ്കിലും കാല്‍നടയാത്രികര്‍ക്ക് പ്രയോജനപ്പെടുന്നില്ല. നഗരത്തില്‍ വണ്‍വേ തെറ്റിച്ചുള്ള വാഹനയാത്രയും ദിശാലൈറ്റുകള്‍ തകരാറിലായതും ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു.
രാവിലെമുതല്‍ അര്‍ധരാത്രിവരെ നടപ്പാതകള്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് കേന്ദ്രങ്ങളാണ്. പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ പള്ളിക്കവല വരെയുള്ള ഭാഗത്താണ് അനധികൃത പാര്‍ക്കിംഗ് ഏറ്റവും രൂക്ഷം. ഇതോടെ കാല്‍നടയാത്രികര്‍ പെരുവഴിയിലായി. പോലീസ് പരിശോധന കര്‍ശനമാക്കുന്‌പോള്‍ നടപ്പാത കൈയേറ്റം ഒഴിവാകുമെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ പഴയപടിയാകും.
ഐടിഐ ജംഗ്ഷന്‍മുതല്‍ ഇടുക്കിക്കവല വരെയുള്ള ഭാഗത്ത് നടപ്പാതയ്ക്കു കുറുകെയാണ് ബൈക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത്. ചേന്നാട്ടുമറ്റം ജംഗ്ഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍, ഗുരുമന്ദിരം ജംഗ്ഷന്‍ എന്നിവിടങ്ങളിലും സ്ഥിതി വിഭിന്നമല്ല. നഗരത്തില്‍ റോഡിലേക്കിറങ്ങിയുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുന്‍വശങ്ങള്‍ പൊളിച്ചുനീക്കി വീതികൂട്ടി നടപ്പാത നിര്‍മിച്ചെങ്കിലും കാല്‍നടയാത്രികര്‍ക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയാണ്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് ഏറ്റവുമധികം വലയുന്നത്.
കൂടാതെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ദിശാലൈറ്റുകള്‍ തകരാറിലായതോടെ ഗതാഗതനിയമം ലംഘിച്ച് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നതും അപകടങ്ങള്‍ക്കു കാരണമാകുന്നു. പകല്‍പോലും വണ്‍വേ സംവിധാനം തെറ്റിച്ചാണ് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പോകുന്നത്.
ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദിനംപ്രതി നഗരത്തിലുണ്ടാകുന്നത്. നഗരപാതകളുടെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇരുചക്ര വാഹനങ്ങള്‍ അമിതവേഗത്തില്‍ തലങ്ങും വിലങ്ങും പായുകയാണ്. നഗരത്തിലെ പ്രധാനപാതയോരങ്ങളിലെല്ലാം അനധികൃത പാര്‍ക്കിംഗ് രൂക്ഷമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here