തൊടുപുഴയില്‍ ഐപിഡിഎസ് പദ്ധതി നിര്‍മാണം പുരോഗമിക്കുന്നു

0
26

തൊടുപുഴ: ഉപയോക്താക്കള്‍ക്ക് തടസം കൂടാതെ വൈദ്യുതി ലഭിക്കുന്നതിനും വൈദ്യുതി പ്രസരണത്തിലൂടെയുള്ള വിതരണ നഷ്ടം ഒഴിവാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഐപിഡിഎസ് (ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്മെന്റ് സ്‌കീം) പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബിയുടെ നേതൃത്വത്തില്‍ നഗരസഭ മേഖലയില്‍ പുരോഗമിക്കുന്നു. മുനിസിപ്പാലിറ്റികളിലും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലും നടപ്പിലാക്കുന്ന പദ്ധതി മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വൈദ്യുതി പോസ്റ്റുകള്‍ വഴി ഏരിയല്‍ ബണ്ടിള്‍ഡ് കേബിള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
തൊടുപുഴ നഗരസഭപരിധിക്കു പുറമെ സമീപ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലുമായി 14.5 കിലോമീറ്റര്‍ കേബിള്‍ ആണ് സ്ഥാപിക്കുന്നത്. ചെറിയ കാറ്റടിച്ചാല്‍ പോലും വൈദ്യുതി മുടങ്ങുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കാണുക എന്നതാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
നിലവിലുള്ള വൈദ്യുതി ലൈനുകള്‍ കൂട്ടിമുട്ടുകയോ മരച്ചില്ലകള്‍ ഒടിഞ്ഞു വീഴുകയോ ചെയ്താല്‍ ഉടന്‍ തന്നെ വൈദ്യുതി വിച്ഛേദിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ഇത്തരത്തില്‍ തകരാറുകള്‍ സംഭവിച്ചാല്‍ തന്നെ ഇതു കണ്ടെത്തുന്നതിനും തകരാര്‍ പരിഹരിക്കുന്നതിനും കാലതാമസം നേരിടുന്നുണ്ട്.
എന്നാല്‍ പിവിസി കവറിംഗോടു കൂടിയ പുതിയ കേബിള്‍ സംവിധാനം വരുന്നതോടെ വൈദ്യുതി തകരാര്‍ പെട്ടെന്നു തന്നെ കണ്ടു പിടിക്കാനും അറ്റകുറ്റപ്പണി നടത്തി തകരാര്‍ പരിഹരിക്കാനും കഴിയും. വൈദ്യുതി വിതരണത്തിനായുള്ള അലുമിനിയം ലൈനുകള്‍ പൊട്ടി വീഴുകയോ മറ്റോ ചെയ്താല്‍ ഉണ്ടാകുന്ന അപകട സാധ്യതകളും ഇതോടെ ഇല്ലാതാക്കാന്‍ കഴിയും. സാധാരണ മഴക്കാലത്തും മറ്റും വൈദ്യുതി ലൈനുകള്‍ പൊട്ടി വീണ് അപകടങ്ങള്‍ പതിവാണ്. പുതിയ കേബിളുകള്‍ വരുന്നതോടെ പൊട്ടി വീണാല്‍ തന്നെ അപകടം സംഭവിക്കില്ലായെന്നതാണ് പ്രത്യേകത.
കൂടുതല്‍ ഉറപ്പിലും ഗുണമേന്‍മയിലും നിര്‍മിക്കപ്പെട്ടിരിക്കുന്നതിനാല്‍ ചെറിയ മരക്കൊന്പുകള്‍ വീണാല്‍ തന്നെ പൊട്ടി വീഴാനുള്ള സാധ്യതയും കുറവാണ്. സബ് സ്റ്റേഷനുകള്‍ തമ്മിലും ട്രാന്‍സ്ഫോര്‍മറുകളുമായും ബന്ധിപ്പിച്ചാണ് പുതിയ കേബിളുകള്‍ വൈദ്യുതി പോസ്റ്റുകള്‍ വഴി വലിക്കുന്നത്.
പോസ്റ്റുകള്‍ വഴി പഴയ ലൈനുകളും കടന്നു പോകുന്നുണ്ടെങ്കിലും ഭാവിയില്‍ ഈ കന്പികള്‍ പോസ്റ്റുകളില്‍ നിന്നും നീക്കം ചെയ്യാനാണ് പദ്ധതിയിടുന്നത്.ഇതോടെ വൈദ്യുതി വിതരണം പൂര്‍ണമായും എബിസി കേബിളുകളിലായി മാറും.

LEAVE A REPLY

Please enter your comment!
Please enter your name here