ആലുവ:സംസ്ഥാനസർക്കാരിന്റെ സ്വർണ്ണക്കടത്തിനും ലൈഫ് അഴിമതിക്കുമെതിരായ സമരം കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തുടരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.ആലുവ പാലസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് മാസം മുമ്പ് തന്നെ ഒക്ടോബറിൽ ദിവസേന 18,000 മുതൽ 20,000 വരെ കൊവിഡ് രോഗം റിപ്പോർട്ട് ചെയ്യുമെന്ന് സംസ്ഥാനത്തെആരോഗ്യമന്ത്രിപ്രഖ്യാപിച്ചതാണ്. അന്ന് സമരം ആരംഭിച്ചിട്ടുണ്ടായിരുന്നില്ല.
ആളുകൾ കൂടുന്നത് ഒഴിവാക്കാൻ സമരങ്ങൾ വീകേന്ദ്രീകൃതമാക്കും. പഞ്ചായത്ത് തലങ്ങളിലും ബൂത്തു തലങ്ങളിലും വരെ എത്തുന്ന രീതിയിലായിരിക്കും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക. സമരത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനും യു.ഡി.എഫിനും ഇരട്ടത്താപ്പാണ്. ദേശീയതലത്തിൽ മോദി സർക്കാരിന്റെ കർഷകബില്ലിനെതിരെ സമരം ചെയ്യുന്നവർ കേരളത്തിൽ സമരം ചെയ്യരുതെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സുരേന്ദ്രൻ ചോദിച്ചു. വിവാഹം,മരണം എന്നീ സന്ദർഭങ്ങളിൽ നിയന്ത്രണം ആവശ്യമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പ്രോട്ടോകോൾ ഇല്ലായിരുന്നല്ലോ? വെഞ്ഞാറമൂട് വിലാപയാത്ര മന്ത്രി ബാലന്റെ നേതൃത്വത്തിൽ നടത്തിയപ്പോഴും കുഞ്ഞനന്തന്റെ ശവസംസ്ക്കാര ചടങ്ങിലും പ്രോട്ടോകോൾ എവിടെപ്പോയി?
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അന്വേഷണം ശരിയായദിശയിലാണ്. വിപുലമായ കേസായതിനാലും ശാസ്ത്രീയമായ തെളിവുകൾ ആവശ്യമുള്ളതിനാലുമാണ് കാലതാമസം ഉണ്ടാകുന്നത്. കേന്ദ്ര ഏജൻസികൾ താൻ കത്തയച്ചിട്ട് വന്നതാണെന്ന് പറയുന്ന മുഖ്യമന്ത്രി സിബിഐയുടെ കാര്യത്തിൽ എന്താണ് ഉരുണ്ടുകളിക്കുന്നത്? ലൈഫിൽ അഴിമതി നടന്നെന്ന് സർക്കാർ തന്നെ സമ്മതിച്ചതാണ്. തദ്ദേശ തിരഞ്ഞെടുപ്പിനെ പറ്റി കോർ ​ഗ്രൂപ്പ് യോ​ഗം വിശദമായി ചർച്ച ചെയ്തു. സ്ഥാനാർത്ഥി നിർണ്ണയം ഉടൻ പൂർത്തിയാക്കും. എല്ലാ പഞ്ചായത്തുകളിലും ശിൽപ്പശാല നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രമന്ത്രി വി. മുരളീധരനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് സുരേന്ദ്രൻ മാദ്ധ്യമങ്ങളെ കണ്ടത്. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായി എ.പി. അബ്ദുള്ളാക്കുട്ടിയെ നിയോഗിച്ചതിന്റെ സാഹചര്യമെല്ലാം ഇരുവരും പങ്കുവച്ചതായാണ് സൂചന. ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണനും സംബന്ധിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here