രണ്ടായിരത്തിലേറ ശിഷ്യര്‍; നീന്തല്‍ പരിശീലനത്തില്‍ പപ്പേട്ടനാണ് താരം

    0
    13

    പയ്യന്നൂര്‍: ആറ് വയസ്സുമുതല്‍ മുകളിലോട്ട് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ രണ്ടായിരത്തിലധികം കുട്ടികളെയാണ് രാജ്യാന്തര താരമായ പാറമ്മല്‍ പത്മനാഭനെന്ന ഏവരുടെയും പ്രിയപ്പെട്ട സ്വന്തം പപ്പേട്ടന്‍ നീന്തല്‍ പരിശീലിപ്പിച്ചത്. ഗ്രാമ ഗ്രാമാന്തരങ്ങളില്‍ നീന്തലിലെ ശാസ്ത്രീയത എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരില്‍ പ്രധാനിയാണ് പയ്യന്നൂര്‍ മുത്തത്തി സ്വദേശിയും എടാട്ട് താമസക്കാരനുമായ പത്മനാഭന്‍.
    കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെ നീന്തല്‍ പരിശീലനക്കളരിയിലെ പ്രധാന പരിശീലകനായ പത്മനാഭന്‍ നീന്തല്‍ പരിശീലിപ്പിക്കാന്‍ ആരുടെ കൈയ്യില്‍ നിന്നും പണം ആവശ്യപ്പെട്ടിട്ടില്ല.
    പൊലീസുകാരനായി ജോലിയാരംഭിച്ച് ഒടുവില്‍ അസിസ്റ്റന്റ് കമന്‍ഡാന്റായി വിരമിച്ച പാറമ്മല്‍ പത്മനാഭന്‍ ഇന്ന് കുട്ടികളുടെ പ്രിയപ്പെട്ട നീന്തല്‍ പരിശീലകനാണ്. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സില്‍ സര്‍വ്വീസിലിരിക്കെ പത്മനാഭന്‍ നീന്തി നേടിയ നേട്ടങ്ങള്‍ സി.ആര്‍.പി.എഫിന്റെ കായിക മേഖലയിലെ ഒരു ചരിത്ര നേട്ടം തന്നെയായിരുന്നു. 1975-91 വരെയുള്ള കാല ഘട്ടത്തില്‍ നീന്തല്‍ കുളങ്ങളില്‍ നിന്നും എഴുപത് സ്വര്‍ണ്ണമടക്കം നൂറ്റിയന്‍പതില്‍ പരം മെഡലുകളാണ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.
    1976-ല്‍ സി.ആര്‍.പി.എഫില്‍ ചേര്‍ന്നു. 1978-ല്‍ ന്യൂ ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യാ പൊലീസ് അക്വാട്ടിക് ടൂര്‍ണ്ണമെന്റില്‍ 100, 200, 400 മീറ്ററുകളില്‍ ഫ്രീ സ്‌റ്റൈല്‍ ഇനങ്ങളില്‍ വെങ്കലം നേടി തുടക്കം ഗംഭീരമാക്കി. 4-200 ഫ്രീ സ്‌റ്റൈല്‍ റിലേയില്‍ ടീമിനെ നാലാം സ്ഥാനത്തെത്തിക്കുവാനും ഇദ്ദേഹത്തിന് സാധിച്ചു.1978ലും 80ലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു.
    ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് ചേര്‍ന്ന് നടത്തിയ ഇന്‍വിറ്റേഷന്‍ ടൂര്‍ണ്ണമെന്റില്‍ 4-100 റിലേയില്‍ വെള്ളി നേടി.
    ബാക്ക് സ്‌ട്രോക്കില്‍ പത്മനാഭന് തന്റെ ടീമിന് രജത കമലം സമ്മാനിക്കാന്‍ സാധിച്ചു. 1980-ല്‍ ധാക്കയില്‍ സൗത്ത് ഏഷ്യന്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ ആദ്യമായി പ്രതിനിധീകരിച്ച് രണ്ട് വെള്ളി മെഡലുകള്‍ നേടി. 1981-ല്‍ ശ്രീലങ്ക-ഇന്ത്യ മത്സരങ്ങളിലും പങ്കെടുക്കുവാന്‍ ഇദ്ദേഹത്തിന് സാധിച്ചു.
    പ്രാദേശിക ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് ജില്ലാ ടീമിലേക്കും, ജില്ലാ ടീമില്‍ നിന്നും സംസ്ഥാന ടീമിലേക്കും മത്സരിച്ച പത്മനാഭന് ആദ്യ സംസ്ഥാന മീറ്റില്‍ ജില്ലയെ പ്രതിനിധീകരിച്ച് നേടിയത് ബാക്ക് സ്‌ട്രോക്കില്‍ നാലാം സ്ഥാനമായിരുന്നു.
    നാലാം സ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കുവാന്‍ കഠിന പരിശീലനം തന്നെ നടത്തേണ്ടി വന്നു പത്മനാഭന്. സര്‍വ്വീസില്‍ നിന്ന് വിരമിച്ചെങ്കിലും വെറുതെ ഇരിക്കാന്‍ പത്മനാഭനെന്ന രാജ്യാന്തര താരം തയ്യാറെല്ലായിരുന്നു.
    ഓളപ്പരപ്പില്‍ കണ്ണൂരിന്റെ താരത്തെ കണ്ടെത്തി നല്‍കാനുള്ള തീവ്ര യത്‌നത്തിലാണ് ഇദ്ദേഹം. ഗ്രാമ ഗ്രാമാന്തരങ്ങളിലെ കുളങ്ങളില്‍ കണ്ണൂരിന്റെ നഷ്ട പ്രതാപം വീണ്ടെടുക്കുന്നതിനായി പരിശീലക വേഷത്തില്‍ നിരവധി ഇടങ്ങളില്‍ നിരവധി കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയാണിപ്പോള്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here