വ്യവസായികള്‍ക്ക് സബ്‌സിഡി ലഭിക്കുന്നതിനുള്ള വ്യവസ്ഥ ഉദാരമാക്കി

0
9

സ്വന്തം ലേഖകന്‍

മലപ്പുറത്ത് കലക്ടറേറ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ഇ.പി ജയരാജന്‍ നടത്തിയ അദാലത്ത്‌

മലപ്പുറം: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന വ്യവസായികള്‍ക്ക് സബ്‌സിഡി ലഭിക്കുന്നതിനുള്ള വ്യവസ്ഥ ഉദാരമാക്കിയതായി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ അറിയിച്ചു. മലപ്പുറത്ത് കലക്ടറേറ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് തീരുമാനം. ഇടനിലക്കാര്‍ വഴി യന്ത്രം വാങ്ങുന്നവര്‍ക്കും സബ്‌സിഡി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. നേരിട്ട് ഇറക്കുമതി ചെയ്യുന്ന യന്ത്രം ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് നേരത്തെ സബ്‌സിഡി ലഭിച്ചിരുന്നത്. ഇടനിലക്കാര്‍ മുഖേനെ യന്ത്രം വാങ്ങിക്കുന്നവര്‍ക്കും സബ്‌സിഡി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അദാലത്തില്‍ മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ തീരുമാനം.
വ്യവസായം തുടങ്ങുന്നതിന് മാര്‍ജിന്‍ മണി സ്‌കീമില്‍ വായ്പയെടുത്തവരുടെ പിഴപലിശ പൂര്‍ണമായും ഒഴിവാക്കി നല്‍കുമെന്ന് മന്ത്രി അറിയിച്ചു. പിഴപലിശ വര്‍ധിച്ച് കടക്കെണിയിലായത് സംബന്ധിച്ച് ലഭിച്ച പരാതി പരിഗണിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തെ വ്യവസായ സൗഹൃദമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. വ്യവസായം തുടങ്ങാന്‍ അപേക്ഷിച്ച് ഒരു മാസത്തിനകം തന്നെ ഇപ്പോള്‍ ലൈസന്‍സ് നല്‍കുന്നു. വ്യത്യസ്ത വകുപ്പുകളില്‍ നിന്നും അനുമതി ലഭിക്കേണ്ടിയിരുന്ന അവസ്ഥ ഒഴിവാക്കി ഏകജാലകം വഴി സംരംഭകര്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. ഇതിനായി കെ സ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പാരന്റ് ക്ലിയറന്‍സ്) സംവിധാനം സര്‍ക്കാര്‍ നടപ്പാക്കിയതായും മന്ത്രി പറഞ്ഞു. കേരളത്തെ വ്യവസായ സൗഹൃദമാക്കി മാറ്റുന്നതിന്റെയും വ്യവസായികളുടെ പരാതികള്‍ പരഹരിക്കുന്നതിന്റെയും ഭാഗമായാണ് എല്ലാ ജില്ലകളിലും അദാലത്ത് നടത്തുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പ്രകാശന്‍ മാസ്റ്റര്‍, ഇന്‍ഡസ്ട്രിയല്‍ ഡയറക്ടര്‍ കെ. ബിജു, ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.അബ്ദുല്‍ വഹാബ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
147 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 105 പരാതികള്‍ നേരത്തെ ലഭിച്ചതാണ്. ഇന്ന് ലഭിച്ച 42 പരാതികളില്‍ ഒരു മാസത്തിനകം നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 73 പരാതികള്‍ ജില്ലാതലത്തില്‍ തീര്‍പ്പാക്കി. ആറെണ്ണം മന്ത്രി നേരിട്ടും തീര്‍പ്പാക്കി. ബാക്കിയുള്ള പരാതികളില്‍ സര്‍ക്കാര്‍ നടപടി ആവശ്യമുള്ളതിനാല്‍ കൈമാറിയിട്ടുണ്ട്. ഈ പരാതികളിലും ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here