സാമൂഹ്യമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം

0
1

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ഭാരവാഹികള്‍, പാര്‍ട്ടി നേതാക്കള്‍ വോളന്റിയര്‍മാര്‍ എന്നിവര്‍ പ്രാവര്‍ത്തികമാക്കേണ്ട സാമാന്യ നിയമങ്ങളും മര്യാദകളും നടപ്പില്‍ വരുത്തുവാന്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലപ്പെടുത്തി. സൈബര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തെയോ കോണ്‍ഗ്രസ് നേതാക്കളെയോ അപകീര്‍ത്തിപ്പെടുത്തുകയോ, അപമാനിക്കാനോ ശ്രമിക്കരുത്. അത്തരം ശ്രമങ്ങളെ ഗൌരവപൂര്‍വ്വം കാണുകയും അതിനെതിരെ മാതൃകാപരമായ അച്ചടക്ക നടപടി എടുക്കുകയും ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കെപിസിസി ഭാരവാഹികള്‍, ബൂത്ത് ഭാരവാഹികള്‍, കെപിസിസി അംഗീകൃത സംഘടനകളുടെ ഭാരവാഹികള്‍, ഓഫീസ് ഭാരവാഹികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ബാധകമായിരിക്കും. എന്നാല്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും സോഷ്യല്‍ മീഡിയയിലെ വിഷയങ്ങളില്‍ കൃത്യമായി ഇടപെടാനും പ്രസ്താവനയില്‍ പറയുന്നു. ഡിജിറ്റല്‍ മീഡിയ സെല്‍ മെമ്പര്‍മാര്‍ പാര്‍ട്ടിയുടെ ഔദ്യോഗീക പേജില്‍ മീഡിയ സെല്‍ ചെയര്‍മാന്റെ അനുവാദമില്ലാതെ ഒന്നും പ്രസിദ്ധീകരിക്കരുത്. സ്വകാര്യ പേജുകളില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ വ്യക്തിപരമായിരിക്കണം. ഇത്തരം പോസ്റ്റുകളുടെ ഉത്തരവാദിത്വം അതത് വ്യക്തികള്‍ക്കായിരിക്കും. കെപിസിസി മീഡിയാ സെല്‍ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കില്ല. അതേസമയം സ്വകാര്യ പേജുകളില്‍ പാര്‍ട്ടി നേതൃത്വത്തെയോ നേതാക്കളെയോ അധിക്ഷേപിക്കുന്ന പ്രവര്‍ത്തനം അനുവദിക്കില്ല. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ട് നില്‍ക്കണം. മറ്റുള്ളവരുടെ സര്‍ഗ്ഗ രചനകള്‍, കൃതികള്‍, ലേഖനങ്ങള്‍, സ്വകാര്യ വിവരങ്ങള്‍ എന്നിവ അവരുടെ അനുമതികൂടാതെ ഉപയോഗിക്കരുത്. വൈകൃതം, അശ്ലീല പോസ്റ്റുകള്‍ ഒഴിവാക്കുക. അശ്ലീല ചിത്രങ്ങള്‍, അനഭിലഷണീയ സന്ദേശങ്ങള്‍ ആശയങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്യരുത്. ആളുകളെ ഭീഷണിപെടുത്തുക, അനഭിലഷണീയമായ സന്ദേശങ്ങള്‍, ആശയങ്ങള്‍, ഭീഷണിപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവ ഒഴിവാക്കുക. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ആഹ്വാനം, പ്രോത്സാഹനം എന്നിവ ഒഴിവാക്കുക. സ്ത്രീത്വത്തെ അപമാനിക്കരുത്. ലൈംഗീക അഭിരുചിതകള്‍, വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ചേരി തിരിഞ്ഞുള്ള ആക്രമണങ്ങള്‍ എന്നവ പ്രവര്‍ത്തകര്‍ ഒഴിവാക്കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here