വ്യാജകാലിത്തീറ്റയുമായി സ്വകാര്യലോബി; മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് കേരള ഫീഡ്‌സ്

0
14

കൊച്ചി: കേരള ഫീഡ്‌സിന്റെ ഉപയോഗിച്ച കാലിച്ചാക്കില്‍ നിലവാരം കുറഞ്ഞ കാലിത്തീറ്റ നിറച്ച് വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കമ്പനി രംഗത്തെത്തി. തൃശൂര്‍ മണ്ണുത്തിയിലെ സ്വകാര്യ ചില്ലറ വില്‍പന ശാലയില്‍ നിന്നുമാണ് വ്യാജകാലിത്തീറ്റ വില്‍പ്പന നടത്തിയത്. തുടര്‍ന്ന് കേരള ഫീഡ്‌സ് മണ്ണുത്തി പോലീസില്‍ പരാതി നല്‍കി.

കാലിത്തീറ്റച്ചാക്ക് പൊട്ടിച്ചപ്പോള്‍ കര്‍ഷകന് തോന്നിയ സംശയത്തില്‍ നിന്നാണ് തട്ടിപ്പ് പുറത്ത് വന്നത്. കര്‍ഷകന്‍ കേരള ഫീഡ്‌സിനെ വിവരമറിയിക്കുകയും കമ്പനിയില്‍ നിന്നുള്ള സംഘമെത്തി പരിശോധിച്ചപ്പോഴാണ് കാലിത്തീറ്റ വ്യാജമാണെന്ന് കണ്ടെത്തിയത്.

ഇരട്ടത്തുന്നലുള്ള ചാക്കാണ് കേരള ഫീഡ്‌സിന്റേത്. മാത്രമല്ല എട്ട് മില്ലിമീറ്റര്‍ വ്യാസമുള്ളതാണ് കാലിത്തീറ്റ പെല്ലറ്റുകള്‍. പെല്ലറ്റും തിയതിയും സീലും പരിശോധിച്ചതില്‍ നിന്നും ഉപയോഗിച്ച കാലിച്ചാക്കില്‍ വ്യാജ കാലിത്തീറ്റ നിറച്ചതാണെന്ന് മനസിലായി. പ്രാദേശിക ചില്ലറ വില്‍പ്പന കേന്ദ്രത്തില്‍ നിന്നാണ് കാലിത്തീറ്റ വാങ്ങിയതെന്ന കര്‍ഷകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മണ്ണുത്തി സി ഐയ്ക്ക് കേരള ഫീഡ്‌സ് അധികൃതര്‍ രേഖാമൂലം പരാതി നല്‍കി.

ക്ഷീരകര്‍ഷകര്‍ക്കിടയില്‍ അത്യന്തം പ്രചാരത്തിലുള്ള കേരള ഫീഡ്‌സിന്റെ സല്‍പ്പേര് നശിപ്പിക്കുന്നതിനായി സ്വകാര്യ കാലിത്തീറ്റ ലോബി നടത്തുന്ന സംഘടിത ശ്രമമാണിതെന്ന് കേരള ഫീഡ്‌സ് എം ഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. ഗുണമേന്മയില്ലാത്ത കാലിത്തീറ്റ നല്‍കിയാല്‍ പശുക്കളുടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഫീഡ്‌സിന്റെ ഉപഭോക്താക്കള്‍ കാലിത്തീറ്റ വാങ്ങുമ്പോള്‍ താഴെ പറയുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

. കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ ചാക്ക് ഇരട്ടത്തുന്നലുള്ളതായിരിക്കും.
. ചാക്കിലെ തിയതിയും സീലും ശ്രദ്ധിക്കണം.
. കാലിത്തീറ്റ പെല്ലറ്റുകള്‍ക്ക് 8 മില്ലിമീറ്റര്‍ വ്യാസം ഉണ്ടായിരിക്കണം.
. കാലിത്തീറ്റയുടെ ഗന്ധം ശ്രദ്ധിക്കണം.
. എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ തന്നെ 9496127500 എന്ന നമ്പരില്‍ കേരള ഫീഡ്‌സിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here