തുഷാറിന് മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്; ഗണ്‍മാനെ അനുവദിച്ചു; സുനീറിനും സുരക്ഷശക്തമാക്കി

0
2

കോഴിക്കോട്: വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റുകള്‍ നീക്കം നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തുഷാറിനെ തട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതെന്നാണ് മുന്നറിയിപ്പ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുഷാറിന്റെ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി. തുഷാറിന് ഗണ്‍മാനെ അനുവദിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുനീറിന്റെ സുരക്ഷ കൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനാതിര്‍ത്തികള്‍ വരുന്ന പ്രദേശങ്ങളില്‍ പ്രചരണം നടത്തുമ്പോള്‍ കൂടുതല്‍ കരുതല്‍ എടുക്കാനാണ് നിര്‍ദേശം. സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി സ്പെഷല്‍ബ്രാഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്.

രാഹുല്‍ഗാന്ധി മല്‍സരിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ കര്‍ശന സുരക്ഷ ഒരുക്കിയിട്ടും മണ്ഡലത്തില്‍ മാവോയിസ്റ്റ് ലഘുലേഖകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെടുന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ അതിര്‍ത്തി പങ്കിടുന്ന വനാന്തരങ്ങളില്‍ ജാഗ്രത ശകത്മാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് മുന്നില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിച്ചിരുന്നു. വയനാട്ടില്‍ ഇടതുമുന്നണി കര്‍ഷകറാലി നടത്താന്‍ നിശ്ചയിച്ചതിനു രണ്ടുദിവസം മുമ്പാണു മേപ്പാടിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വൈത്തിരി വെടിവയ്പ്പിനു പകരം ചോദിക്കുമെന്നു മുന്നറിയിപ്പു നല്‍കിയ മാവോയിസ്റ്റുകള്‍, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിസംസ്ഥാനങ്ങളായ തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും പോലീസും ജാഗ്രതയിലാണ്.

വയനാട്ടില്‍ എല്‍ഡിഎഫിനായി പി പി സുനീറും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളിയുമാണ് മല്‍സരിക്കുന്നത്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ്. രാഹുലിന് നിലവില്‍ തന്നെ എസ്പിജി സുരക്ഷയുണ്ട്. എങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ പൊലീസും പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.

മാവോയിസ്റ്റുകള്‍ക്ക് പെട്ടെന്ന് തന്നെ വനത്തില്‍ നിന്നും പുറത്തെത്തി തിരിച്ചു പോകാന്‍ വൈദഗ്ദ്ധ്യം ഉണ്ടെന്നാണ് വിലയിരുത്തല്‍. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്ക് വിവിഐപി സുരക്ഷ ഉള്ളതിനാല്‍ അദ്ദേഹത്തിന് മേല്‍ പെട്ടെന്നൊരാക്രമണത്തിന് മാവേയിസ്റ്റുകള്‍ മുതിരില്ല എന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാറിന്റെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുനീറിന്റെയും കാര്യം അതല്ല. അതുകൊണ്ടു തന്നെ ഇരുവര്‍ക്കും ശക്തമായ സുരക്ഷ നല്‍കണമെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here