ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ പ്രവര്‍ത്തകയുടെ ഒരുലക്ഷം

0
7

പാലക്കാട്:”ഇനി എനിക്ക് സമാധാനമായൊന്നുറങ്ങണം. ദുരിതബാധിതരെ സഹായിക്കാന്‍ എന്നെ കൊണ്ട് ആവുന്നത് ചെയ്യണമെന്ന് ആഗ്രഹിച്ചു.” മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സെയ്തലവിക്ക് കൈമാറിയ ശേഷം കുടുംബശ്രീ പ്രവര്‍ത്തകയായ ജി. ഉഷാകുമാരി പറഞ്ഞു.
ക്യാംപുകളുടെ സന്ദര്‍ശനത്തിനിടയിലാണ് പ്രളയക്കെടുതിയുടെ ദുരിത കാഴ്ച്ചകള്‍ കണ്ണാടി കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജി. ഉഷാകുമാരി നേരിട്ടറിഞ്ഞത്. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ലഭിക്കുന്ന ആറു മാസത്തെ ഓണറേറിയം, ‘ധന്യുഷസ്’ ടെയ്‌ലറിംഗ് യൂണിറ്റ്, പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്വീറ്റ് കാന്റീന്‍ ആന്‍ഡ് കാറ്ററിങ് യൂണിറ്റ് എന്നിവയില്‍ നിന്നുള്ള ഒരു മാസത്തെ വിഹിതം ചേര്‍ത്ത് 50,000 രൂപയും തന്റെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ചേര്‍ത്തുവെച്ച 50,000 രൂപയും ഉള്‍പ്പെടെ ഒരു ലക്ഷമാണ് ഉഷ സംഭാവന ചെയ്തത്. കിണാശേരിയില്‍ കാളിയംകുന്നം വീട്ടില്‍ മക്കളായ ആദിത്യനും അഗസ്ത്യനുമൊപ്പമാണ് ഉഷാകുമാരി താമസിക്കുന്നത്. എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുള്ള ഉഷാകുമാരി 2004ലാണ് കണ്ണാടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മഹിളാ അയല്‍ക്കൂട്ടം അംഗമായി കുടുംബശ്രീ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ വര്‍ഷത്തെ ഓണത്തിന് താനും മക്കളും പുതുവസ്ത്രങ്ങളൊന്നും വാങ്ങാതെ ദുരിതത്തിലായ സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച കാര്യവും ഏറെ അഭിമാനത്തോടെയാണ് അവര്‍ പറഞ്ഞത്. ഇതിനു പുറമെ കണ്ണാടി സി.ഡി.എസിനു കീഴിലുള്ള അയല്‍ക്കൂട്ടങ്ങളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സംഭാവന നല്‍കിയ 61000 ത്തോളം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 96 സി.ഡി.എസുകളില്‍ നിന്നായി ഇതുവരെ 40 ലക്ഷത്തോളം രൂപയാണ് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതെന്ന് കോ-ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here