പവിഴം കോര്‍ണറില്‍ റോഡ് തകര്‍ന്നു; അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു

0
9
ആലത്തൂര്‍ പവിഴം കോര്‍ണറിനു സമീപം പൈപ്പ് പൊട്ടി വെള്ളം പാഴായി കുഴി രൂപപ്പെട്ട റോഡ്.

ആലത്തൂര്‍: ആലത്തൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. മാസങ്ങളായി പൈപ്പ് പൊട്ടി ഒഴുകുകയും പാതയില്‍ കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല.മെയിന്‍ റോഡിലെ പവിഴം കോര്‍ണറില്‍ പൈപ്പ് പൊട്ടി വെള്ളം പാഴായി റോഡ് തകര്‍ന്നതോടെ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.മലമലമൊക്ക് ,പി.ഡി.സി ബാങ്കിനു സമീപം എന്നിവിടങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്.രാവിലെ മുതല്‍ രാത്രിവരെ ലിറ്റര്‍ കണക്കിന് കുടിവെള്ളമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. ആലത്തൂര്‍ ടൗണില്‍ പൈപ്പ് പൊട്ടി റോഡില്‍ വലിയ കുഴി രൂപപ്പെട്ടിട്ടുള്ളത് ഗതാഗത തടസ്സത്തിനും കാരണമാവുന്നുണ്ട്.ഗ്രാമ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടേതാണ് പൈപ്പ് ലൈന്‍.പൈപ്പ് പൊട്ടിയത് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ അധികൃതരെ സമീപിച്ചെങ്കിലും പ്രധാന ജലവിതരണ പൈപ്പല്ല പൊട്ടിയതെന്നും ഗാര്‍ഹിക കണക്ഷന്റേതാണ് ഇതെന്നും ഗുണഭോക്താക്കളാണ് നന്നാക്കേണ്ടതെന്നുമുള്ള വിചിത്ര മറുപടിയാണ് അവര്‍ക്ക് കിട്ടിയത്.
ഇത്തവണയും ജലക്ഷാമം രൂക്ഷമാകാനാണ് സാധ്യതയെന്നിരിക്കെ കുടിവെള്ളം പാഴാകുന്നത് തടയാന്‍ നടപടിവേണമെന്ന ആവശ്യം ശക്തമാണ്.പവിഴം കോര്‍ണറിലെ കുഴിയില്‍ പെട്ട് നിരവധി ഇരുചക്രവാഹനങ്ങളാണ് ദിനേന അപകടത്തില്‍ പെടുന്നത്. ടൗണിലെ പ്രധാന ജംഗ്ഷനിലെ കുഴിയായിട്ടും അടയ്ക്കാന്‍ വിമുഖത കാണിക്കുകയാണ് പഞ്ചായത്ത്. എന്നാല്‍ പൈപ്പ് പൊട്ടിയത് നേരാക്കാതെ കുഴിയടച്ചിട്ട് കാര്യമില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. മെയിന്‍ റോഡ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മുതല്‍ നെല്ലിയാംകുന്നം വരെയുള്ള റോഡ് നവീകരിക്കാന്‍ പദ്ധതിയായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here